നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ വാഗ്ദാനപ്പെരുമഴയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.
മമതാ ബാനര്‍ജി നയിക്കുന്ന സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്നും പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.