IndiaNEWS

ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; മേയ് 12ന് വീണ്ടും ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കരവ്യോമസമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാര്‍ മേയ് 12ന് ഉച്ചക്ക് 12മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയുംപാക്കിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. രാത്രി മുഴുവന്‍ നീണ്ട കൂടിയാലോചനകളെത്തുടര്‍ന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പ് ട്രംപ് എക്‌സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

Signature-ad

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാരും സംസാരിച്ചു.

Back to top button
error: