CrimeNEWS

ഭാര്യയുടെ പല്ലടിച്ചുകൊഴിച്ചു, തറയിലൂടെ വലിച്ചിഴച്ച് വയറ്റില്‍ ചവിട്ടി; ക്രൂരമര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഭാര്യയുടെ മുഖത്ത് റബ്ബര്‍ കമ്പുകൊണ്ടടിച്ച് അണപ്പല്ല് പൊഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ്. ഷാന്‍ (39) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഭാര്യയെ തറയിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയായ കെ. ഫാത്തിമയ്ക്കാണ്(34) ഭര്‍ത്തൃവീട്ടില്‍ മര്‍ദനമേറ്റത്.

ആരെയും ഫോണ്‍ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഈവര്‍ഷം ജനുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഷാനിന്റെ രണ്ടാംവിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്.

Signature-ad

ഫോണില്‍ സംസാരിക്കുമെന്നുപറഞ്ഞ് ദിവസവും ഇയാള്‍ വഴക്കുണ്ടാക്കാറുണ്ട്. നാലിന് വൈകീട്ട് ആറിന് വീട്ടിലെത്തിയ യുവാവ്, നാട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ആക്രമണം. കൂടുതല്‍ ഉപദ്രവം ഭയന്ന് യുവതി ഭര്‍ത്തൃപിതാവിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ അഭയംതേടി. രാത്രി അവിടെ തങ്ങുകയും വിവരം കുടുംബത്തെ അറിയിക്കുകയുമായിരുന്നു.

ശരീരത്തില്‍ പലയിടത്തും ചതവേറ്റു. ശാരീരിക, മാനസിക ഉപദ്രവം കാരണം കടുത്ത മാനസികസംഘര്‍ഷത്തിലുമായ യുവതി പെരുനാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ മണിയാറില്‍നിന്നാണ് പിടികൂടിയത്.

Back to top button
error: