IndiaNEWS

സഭയില്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ കൈക്കൂലി; MLA-യെ കൈയോടെ പൊക്കി, സഹായി പണവുമായി ഓടി

ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്. എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കണ്‍വീനറും എംപിയുമായ രാജ്കുമാര്‍ റോത്ത് അറിയിച്ചു. അതേസമയം, ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്‍സ്വാര ജില്ലയിലെ ബഗിദോര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് പട്ടേല്‍. കഴിഞ്ഞവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് അദ്ദേഹം എംഎല്‍എയാകുന്നത്. തന്റെ മണ്ഡല പരിധിയിലുള്ളതല്ലാത്ത ഒരു ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കാന്‍ മൂന്ന് ചോദ്യങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാന്‍ ഖനിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവില്‍ രണ്ടരക്കോടി തന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാമെന്ന് എംഎല്‍എ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.

Signature-ad

ബാക്കി തുകയിലെ 20 ലക്ഷം രൂപ കൂടി നല്‍കുന്നതിനിടെയാണ് ജയ്കൃഷന്‍ പിടിയിലാകുന്നത്. പരാതിക്കാരനോട് എംഎല്‍എ പണവുമായി ബന്‍സ്വാരയിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജയ്പുരിലെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലേക്കെത്താമെന്നായി പരാതിക്കാരന്‍. തുടര്‍ന്ന് രാവിലെ ക്വാര്‍ട്ടേഴ്സിലെത്തി 20 ലക്ഷം കൈമാറി. ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചശേഷമായിരുന്നു നീക്കമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.

പണം കൈമാറിയെന്ന് പരാതിക്കാരന്‍ ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കിയ ഉടനെ, അവര്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സിനകത്തേക്ക് പ്രവേശിച്ച് എംഎല്‍എയെ പിടികൂടി. അപ്പോഴേക്കും എംഎല്‍എ അടുത്തുണ്ടായിരുന്ന സഹായിയുടെ കൈവശം ബാഗ് കൈമാറി. അയാള്‍ അതുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ഇതുവെച്ച് അഴിമതി തെളിയിക്കാനാകുമെന്ന് പോലീസ് അറിയിച്ചു. പണവുമായി ഓടിയ ആളെക്കുറിച്ചും എംഎല്‍എയില്‍നിന്ന് ചോദിച്ചറിയുന്നുണ്ട്.

സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ബിഎപി വ്യക്തമാക്കുന്നത്. ബിജെപിയുടെ ഗൂഢാലോചനയായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എംഎല്‍എയ്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു. 200 സാമാജികരുള്ള രാജസ്ഥാന്‍ നിയമസഭയില്‍ നാല് എംഎല്‍മാരാണ് ബിഎപിക്കുള്ളത്.

Back to top button
error: