KeralaNEWS

ദുരിതങ്ങൾ ചവിട്ടിക്കയറി വിജയത്തിൻ്റെ കളക്ടർ കസേരയിൽ

പടവുകൾ

വയനാട്ടിലെ വൈത്തിയിലുള്ള ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. കേവലം 3 പേർക്ക് കഷ്ടിച്ച് അന്തിയുറങ്ങാം. മഴപെയ്താല്‍ വീട്ടില്‍ നിന്നും ഇറങ്ങി മഴകൊള്ളാത്ത എവിടെയെങ്കിലും പോയി നില്‍ക്കണം. രാവിലെ കഞ്ഞിവെള്ളം, ഉച്ചക്ക് കഞ്ഞി, വൈകീട്ടും കഞ്ഞി ഇതാണ് മെനു, പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍. സ്‌കൂളില്‍ പോകാന്‍ 4 കിലോമീറ്ററിലധികം നടക്കണം. അസുഖം വന്നാലും റോഡിലൂടെ ചുമന്ന് കൊണ്ട് വേണം ആശുപത്രിയില്‍ പോകാന്‍.

Signature-ad

അച്ഛന്‍ വെള്ളന്‍ അമ്പെയ്ത്തുകാരനാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് 10-ാം ക്ലാസ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മക്കളെയെങ്കിലും പഠിപ്പിക്കണം എന്നായിരുന്നു ആ പിതാവിൻ്റെ വാശി.

ആദിവാസി പെണ്‍കുട്ടികളെ 18 വയസ്സാകുമ്പോഴേക്കും കെട്ടിക്കും. പക്ഷേ, അവള്‍ സമ്മതിച്ചില്ല. സ്വന്തം കാലില്‍ നില്‍ക്കണം. അതായിരുന്നു ആഗ്രഹം. അതിന് അച്ഛന്‍ കൂട്ടായി. മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി അവള്‍ സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ജോലി ചെയ്തു. ഒപ്പം ആദിവാസി വിദ്യാര്‍ത്ഥികളുടെ ഹോസ്‌ററലില്‍ വാര്‍ഡനുമായി. പിജി കഴിഞ്ഞതിന് ശേഷം വൈത്തിയില്‍ ട്രൈബല്‍ ടൂറിസം ഡെവലപ്‌മെന്റ് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തു.

അവിടെ വെച്ചാണ് ഒരു കളക്ടറെ ആദ്യമായി കാണുന്നത്. ഒരു കളക്ടര്‍ക്ക് ലഭിക്കുന്ന ആദരവ് കണ്ട അവള്‍ അന്ന് മുതൽ കളക്ടര്‍ എന്ന പദവി സ്വപ്നം കണ്ടു തുടങ്ങി. എന്‍ട്രന്‍സിന്റെ ആദ്യ ശ്രമത്തില്‍ ജയിച്ചു. പക്ഷേ. പ്രിലിമിനറിയില്‍ തോറ്റു. 2018 ല്‍ ആദ്യരണ്ടു റൗണ്ടും ക്ലിയര്‍ ചെയ്തു. ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലേക്ക് പോകാന്‍ കൂട്ടുകാരാണ് സഹായിച്ചത്. അങ്ങനെ 2018 ലെ ഐ.എ എസ് പരീക്ഷയില്‍ 410-ാം അഖിലേന്ത്യാ റാങ്ക് കരസ്ഥമാക്കി.

ഇത് ശ്രീധന്യ ഐഎഎസ്…

ഒപ്പം വളര്‍ന്നവര്‍ വൈത്തിരിയിലെ കോളനിയില്‍ തന്നെ ഒതുങ്ങിയപ്പോള്‍, ആ പെൺകുട്ടി എടുത്ത ചില തീരുമാനങ്ങളും കഠിനാധ്വാനവുമാണ് ഇന്ന് അവളുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ടായത്.

നമ്മള്‍ വിജയിക്കുമ്പോള്‍ എത്രപ്രാവശ്യം തോറ്റിട്ടാണ് ഇവിടെയെത്തിയത് എന്ന് ആരും ചോദിക്കില്ല. കാരണം വിജയം അതിനൊക്കെ എത്രയോ മുകളിലാണ്…

നന്മയും സന്തോഷവും നിറഞ്ഞ ഞായർ ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: