കോൺഗ്രസിൽ ചേർന്ന ചലച്ചിത്ര സംവിധായകൻ മേജർ രവിക്ക് ചാഞ്ചാട്ടം. ഹൈക്കമാൻഡ് അല്ല, ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഫേസ്ബുക്ക് ലൈവിൽ മേജർ രവി ഇക്കാര്യങ്ങൾ പറയുന്നത്.
ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നു പറയുന്ന സംവിധാനമാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങൾക്ക് വേണ്ടി ഇറങ്ങുക എന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്ന് മേജർ രവി പറഞ്ഞു.
ബിജെപിക്കൊപ്പം ആണെന്നാണ് മേജർ രവി പലപ്പോഴും അറിയപ്പെട്ടത്. എന്നാൽ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിക്കെതിരെ വളരെ ശക്തമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. ബിജെപിക്കാരിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നായിരുന്നു ആദ്യത്തെ വിമർശനം. എല്ലാവരും സ്വന്തം കാര്യം നോക്കുന്ന ആൾക്കാർ ആണെന്നും കുറ്റപ്പെടുത്തി.
മേജർ രവി കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ബിജെപി മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവർ മേജർ രവിയുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്.