IndiaNEWS

നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിന്റെ ‘ഭാരത് കുമാര്‍’

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്. നാളെ രാവിലെയാണ് സംസ്‌കാരം.

ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ‘ഭാരത് കുമാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1937 ലാണ് ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന മനോജ് കുമാറിന്റെ ജനനം. 1957ല്‍ ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഉപ്കാര്‍’ (1967), ‘പുരബ് ഔര്‍ പച്ചിം’ (1970), ‘ക്രാന്തി’ (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു ‘ഭരത് കുമാര്‍’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. ‘മേരാ നാം ജോക്കര്‍’, ‘ഷഹീദ്’, ‘കാഞ്ച് കി ഗുഡിയ’, ‘ഗുംനാം’ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്.

Signature-ad

1972ല്‍ ‘ഷോര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചിരുന്നു. ‘ഉപ്കാര്‍’, ‘പുരബ് ഔര്‍ പശ്ചിമ്’, ‘റൊട്ടി കപടാ ഔര്‍ മകാന്‍’ എന്നിവ അദ്ദേഹം സംവിധാനം ചെയ്തതില്‍ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. 1975 ല്‍ ‘റൊട്ടി കപട ഔര്‍ മകാന്‍’ എന്ന ചിത്രത്തിനു സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി. ഒരു നടനും സംവിധായകനും എന്നതിനു പുറമേ തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മനോജ് കുമാര്‍. 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാ സാഹേബ് പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു.

Back to top button
error: