വിനാശത്തിന്റെ വ്യാപാരികളായി കേരളത്തിലെ പ്രതിപക്ഷം മാറുന്നുവെന്നു മന്ത്രി തോമസ് ഐസക്
വിനാശത്തിന്റെ വ്യാപാരികളായി കേരളത്തിലെ പ്രതിപക്ഷം അനുദിനം മാറുകയാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും എന്നതാണ് ഏറ്റവും ഒടുവിലത്തെ വിനാശ പ്രഖ്യാപനം. ഈ സർക്കാരിന്റെ കാലത്ത് വികസനവും ക്ഷേമവും സമാധാനവുമൊരുക്കിയ സമീപനങ്ങളെയാകെ ഇല്ലാതാക്കുകയും തകർക്കുകയും ചെയ്യും എന്നതാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്.
1. ഇതിനോടകം കൂരയില്ലാത്ത രണ്ട് ലക്ഷത്തി എഴുപതിനായിരം പേർക്ക് കിടപ്പാടമൊരുക്കിയ ലൈഫ് മിഷൻ ഇല്ലാതാക്കും എന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചു. പ്രഖ്യാപിക്കുക മാത്രമല്ല ആർ.എസ്സ്.എസ്സ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളെക്കൊണ്ട് അകാരണമായി ലൈഫ് മിഷന് എതിരായി കേസുകൾ എടുപ്പിക്കാനും ഈ പ്രതിപക്ഷം തുനിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഏകോപിതവും ചിട്ടയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ എല്ലാ അർത്ഥത്തിലും പൂർത്തിയായ വീടുകൾ ഏറ്റവും വേഗം പാവങ്ങൾക്ക് നൽകാനുള്ള ഒരു പരിപാടിയാണ് ലൈഫ് മിഷൻ. പാവങ്ങളുടെ ഈ ലൈഫ് ലൈനാണ് തങ്ങൾ അധികാരത്തിലെത്തിയാൽ ഇവർ ആദ്യമായി ഇല്ലാതാക്കാൻ പോകുന്നത്.
2. കിഫ്ബിക്കെതിരായി പ്രതിപക്ഷ നേതാവും കൂട്ടരും നടത്തിയ വേട്ടയാടൽ ഈ നാട് കണ്ടതാണ്. ഒന്നും നടക്കാൻ പോകുന്നില്ല എന്ന ശാപവാക്കുകൾ പറഞ്ഞുതുടങ്ങിയ പ്രതിപക്ഷം ഒടുവിൽ ആർ.എസ്സ്.എസ്സ് നടത്തിയ ഗൂഢാലോചനയിൽ പങ്കുചേർന്ന് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിച്ച് തകർക്കാനിറങ്ങി. ആർ.എസ്സ്.എസ്സുകാരൻ കൊടുത്ത കേസിന് കെ.പി.സി.സി സെക്രട്ടറി വക്കാലത്തെടുക്കുന്ന കാഴ്ച. ഈ സർക്കാർ കിഫ്ബിയെ പ്രതിരോധിച്ചിരുന്നില്ല എങ്കിൽ എന്തു സംഭവിക്കുമായിരുന്നു. സ്കൂളിലും കോളേജിലും ആശുപത്രികളിലും ദേശീയപാതയിലും മേൽപ്പാലങ്ങളിലും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്ന, പൂർത്തിയായിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പശ്ചാത്തല സൗകര്യ സൃഷ്ടിയാകെ ഒന്നാകെ നിന്നുപോകുമായിരുന്നു. കിഫ്ബി തങ്ങളുടെ ശത്രുപക്ഷത്ത് ആണ് എന്ന് പ്രഖ്യാപിച്ചാണ് കേരളത്തിലെ പ്രതിപക്ഷം മുന്നോട്ടുനീങ്ങിയത്.
3. കേരള ബാങ്ക് പിരിച്ചുവിടുമെന്നതാണ് ഒടുവിലത്തെ പ്രഖ്യാപനം. എസ്.ബി.റ്റി, എസ്.ബി.ഐ-യിൽ ലയിച്ചതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നൊന്ന് ഇല്ലാതായി മാറുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ നിക്ഷേപം ഈ നാടിന്റെ വികസനത്തിനായി വിനിയോഗിക്കപ്പെടണമെങ്കിൽ ഈ നാടിനോട് വൈകാരികമായിത്തന്നെ ബന്ധമുള്ള സമ്പൂർണ്ണ സജ്ജമായ ഒരു ബാങ്ക് അനിവാര്യമാണ് എന്നത് പ്രബുദ്ധ കേരളം പൊതുവിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് യാഥാർത്ഥ്യമാക്കിയതിനു പിന്നിൽ കേരള വികസനത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രിതമായ അധ്വാനമുണ്ട്. തങ്ങൾക്ക് സ്വാധീനമുളള ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ചേർക്കാതെ യു.ഡി.എഫ് ഇതിന് തടസ്സം നിന്നു. ഓരോ ഘട്ടത്തിലും കേരള ബാങ്ക് രൂപീകരണത്തിനെതിരായി നിയമ നടപടികൾ സ്വീകരിച്ചു. എല്ലാ കടമ്പകളും കടന്ന് കേരള ബാങ്ക് യാഥാർത്ഥ്യമായി. ഇപ്പോൾ തങ്ങൾ അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും എന്നതായി നിലപാട്.
4. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പോരാട്ടം എന്തിനുവേണ്ടിയായിരുന്നു. ഈ നാട്ടിൽ ഒരു സുപ്രധാന പശ്ചാത്തല സൗകര്യ വികസന പ്രവർത്തനം നടക്കരുത് എന്ന വാശിയാണ് അവർ കാണിച്ചത്. ദേശീയപാത വികസനം സമീപകാലത്ത് അസാധ്യമാണ് എന്നതാണ് ഇപ്പോൾപോലും പ്രധാനപ്പെട്ട യു.ഡി.എഫ് നേതാക്കൾ എടുക്കുന്ന സമീപനം. ദേശീയപാതാ വികസനത്തിന് സ്ഥലമെടുക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച സമീപനമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത്, അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന സമീപനം. ഇത് ഒരു തരത്തിലും വിജയിക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്ത് യു.ഡി.എഫ് നടത്തിയ കോലാഹലങ്ങൾ ഈ നാട് മറക്കുമോ.
5. കേരളത്തിലെ യുവജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് കെ-ഫോൺ പദ്ധതി. കേരള സമൂഹത്തിന്റെ വിജ്ഞാനാധിഷ്ഠിതമായ പുനഃസംഘടനയ്ക്ക് ഏറ്റവും അനിവാര്യമായ പശ്ചാത്തല സൗകര്യമാണ് ഈ ഇൻഫർമേഷൻ ഹൈവേ. ഈ ഇൻഫർമേഷൻ ഹൈവേയെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് ചോദിച്ചത് ഈ നാട് മറക്കുമോ. ഇതൊക്കെ ചെയ്യാൻ മറ്റാളുകൾ ഇവിടെയുണ്ടല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കെ-ഫോൺ പദ്ധതിയ്ക്കെതിരായി ആർ.എസ്സ്.എസ്സ് നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികൾ തിരിഞ്ഞതും ഇതിനോടൊപ്പം ചേർത്തുവായിക്കണം.
6. പ്രളയകാലത്ത് ദുരിതത്തിലായ മനുഷ്യർക്ക് കൈത്താങ്ങ് നൽകാൻ അഞ്ച് തവണയായി ഒരു മാസത്തെ ശമ്പളം നീക്കി വെയ്ക്കാൻ സർക്കാർ അഭ്യർത്ഥിച്ചു. ആറുമാസത്തിനകം തിരിച്ചുനൽകാമെന്നും പറഞ്ഞു. തങ്ങളുടെ അനുയായികളെക്കൊണ്ട് കോടതിയിൽ കേസ് നടത്തിച്ചും സമരം സംഘടിപ്പിച്ചും ഓഫീസുകളിൽ പ്രചരണം നടത്തിച്ചും പാവങ്ങൾക്കുവേണ്ടിയുള്ള ധനസമാഹരണ ലക്ഷ്യത്തെ പ്രതിപക്ഷം തുരങ്കം വെച്ചത് ഈ നാട് മറക്കുമോ. ഏറ്റവുമധികം പ്രവാസികളുള്ള ഒരു നാടാണ് കേരളം. തങ്ങളുടെ സഹോദരങ്ങൾ നേരിട്ടൊരു ദുരിതത്തിൽ ആവും വിധം സഹായം നൽകാൻ തയ്യാറായ പ്രവാസി സഹോദരങ്ങളിൽ നിന്ന് ധനസമാഹരണം നടത്താനുള്ള സർക്കാരിന്റെ ശ്രമത്തെ കേന്ദ്രസർക്കാർ അട്ടിമറിച്ചതും ഇവിടെ നാം ഓർക്കണം.
ഇത്തരത്തിൽ വികസനത്തിനും ക്ഷേമത്തിനും കാരുണ്യത്തിനും കൈക്കൊണ്ട നടപടികളെയാകെ അട്ടമറിക്കാനും ഇല്ലാതാക്കാനുമുള്ള വിനാശത്തിന്റെ കാര്യപരിപാടിയുമായാണ് കേരളത്തിലെ പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നത്.