CrimeNEWS

സ്ഥിരമായി സിനിമയില്ല, നിരന്തര വിദേശയാത്ര; നാലുമാസം മുമ്പ് വിവാഹം, രന്യയെ കുടുക്കിയത് ആ സംശയം

ന്യൂഡല്‍ഹി: സ്ഥിരജോലിയില്ല, സിനിമകള്‍ വല്ലപ്പോഴും മാത്രം. എന്നിട്ടും എങ്ങനെ നിരന്തരം വിദേശയാത്ര നടത്താന്‍ കഴിയുന്നു? ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഈ സംശയമാണ് സ്വര്‍ണക്കടത്തില്‍ കന്നഡ നടി രന്യ റാവുവിനെ കുടുക്കിയത്. ദുബായിലേക്ക് മാത്രം 27 തവണ യാത്രചെയ്ത നടി മറ്റ് രാജ്യങ്ങളിലേക്ക് 45 തവണ യാത്രചെയ്തതായും പാസ്പോര്‍ട്ടും മറ്റ് രേഖകകളും പരിശോധിച്ച് കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്രാവിമാനത്താവളത്തില്‍ 15 കോടിയുടെ സ്വര്‍ണ്ണക്കട്ടകളുമായി നടി പിടിയിലാവുന്നത്.

അറസ്റ്റിന് പിന്നാലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി ഇന്ത്യന്‍ രൂപയുടെ കറന്‍സിയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആകെ 17.29 കോടിയുടെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു.

Signature-ad

പിടിയിലാകുമ്പോള്‍ 14.2 കിലോ സ്വര്‍ണ്ണമാണ് രന്യയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവുംവലിയ സ്വര്‍ണ്ണവേട്ടയാണെന്ന് ഡി.ആര്‍.ഐ. വ്യക്തമാക്കുന്നു. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് 33-കാരിയായ നടി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

കസ്റ്റംസ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റുചെയ്യപ്പെട്ട രന്യ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രന്യയുടെ രണ്ടാനച്ഛന്‍ കര്‍ണാടകയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇതോടെ കേസിന് രാഷ്ട്രീയമാനങ്ങളും കൈവന്നിരുന്നു. എന്നാല്‍, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ രാമചന്ദ്രറാവുവിന്റെ വിശദീകരണം. നാലുമാസംമുമ്പ് വിവാഹിതയായ രന്യയുമായി അതിനുശേഷം ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍നിന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വിട്ടുനിന്നു. കേസ് കൈകാര്യംചെയ്യുന്നത് ഡി.ആര്‍.ഐ. ആണെന്നും അവര്‍ അന്വേഷണം പൂര്‍ത്തിയാക്കട്ടേയെന്നും പരമേശ്വര വ്യക്തമാക്കി.

ഇന്ത്യയിലും വിദേശത്തുമായി വിവിധ പ്രൊജക്ടുകള്‍ കൈകാര്യംചെയ്യുന്ന പ്രസിദ്ധ ആര്‍കിടെക്ട് ആണ് രന്യയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി. ബെംഗളൂരുവിലെ പ്രസിദ്ധമായ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും ജതിന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. നാലുമാസം മുമ്പ് താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ ബെംഗളൂരുവിലെ ലാവെല്ലെ റോഡില്‍ ആഡംബര അപ്പാര്‍ട്മെന്റ് വാങ്ങി ഇവിടെയായിരുന്നു ദമ്പതിമാര്‍ താമസിച്ചിരുന്നത്.

Back to top button
error: