
രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2 അടുത്ത ആഴ്ച ചെന്നൈയില്‍ ആരംഭിക്കും. 14 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആദ്യ ഷെഡ്യൂള്‍. തുടര്‍ന്ന് കോഴിക്കോട്ടേക്ക് ഷിഫ്ട് ചെയ്യും.
തേനി, ഗോവ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ആദ്യഭാഗത്തില്‍ അതിഥിവേഷത്തില്‍ എത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ വില്ലന്‍ വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഇതാദ്യമായാണ് രജനി ചിത്രത്തില്‍ ചെമ്പന്‍ എത്തുന്നത്. ബോളിവുഡില്‍ നിന്ന് ഒരു സര്‍പ്രൈസ് താരം ജയിലര്‍ 2ന്റെ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ രജനികാന്ത് ജയിലര്‍ 2ല്‍ ജോയിന്‍ ചെയ്യും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
സണ്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. 2023ല്‍ റിലീസ് ചെയ്ത ജയിലര്‍ രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ നെല്‍സന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു
ജയിലര്‍. ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രജനികാന്തിനൊപ്പം നിറഞ്ഞ നില്‍ക്കുന്ന പ്രകടനമായിരുന്നു വര്‍മ്മന്‍ എന്ന പ്രതിനായക കഥാപാത്രമായി വിനായകന്റേത്.തുടര്‍ച്ചയായി രണ്ടു രജനി ചിത്രങ്ങളുടെ നിര്‍മ്മാണത്തിലാണ് സണ്‍ പിക് ചേഴ്‌സ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന കൂലി എന്ന ചിത്രത്തിന് സ്വര്‍ണക്കടത്താണ് പ്രമേയം.