വടക്കൻ ലണ്ടനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കാംബ്രിഡ്ജ് നഗരം. ഉച്ചഭക്ഷണ സമയത്തെ ഒരു റസ്റ്റോറന്റ്. ടേബിൾ നമ്പർ 11ൽ ഇരിക്കുകയാണ് രാജീവ്.
വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുന്നതിന്റെ വിഷമത്തിലായിരുന്നു സോണിയ. സോണിയക്ക് അപ്പോൾ പ്രായം 18. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാൻ കാംബ്രിഡ്ജിൽ എത്തിയതായിരുന്നു സോണിയ.
ശനിയാഴ്ച ഉച്ചഭക്ഷണത്തിനായി ആ ഗ്രീക്ക് റെസ്റ്റോറന്റിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉടമ ചാൾസ് സോണിയയെ സ്വാഗതം ചെയ്തു. തനിക്ക് ജനലരികിൽ ഉള്ള ടേബിൾ വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. എന്നാൽ തിരക്കുള്ളതിനാൽ അത് ലഭ്യമായിരുന്നില്ല.
ടേബിൾ നമ്പർ 11 ന് അടുത്തുകൂടെ സോണിയ നടന്നു പോയി. സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുകയായിരുന്നു രാജീവ്. ഒരു നോട്ടം, അനുരാഗം. പതറിയ രാജീവിന് പിന്നീട് സുഹൃത്തുക്കളോട് സംസാരിക്കാനായില്ല. ആദ്യനോട്ടത്തിൽ തന്നെ സോണിയയും അനുരക്തയായിരുന്നു.
മേശപ്പുറത്തുള്ള നാപ്കിൻ പേപ്പറിൽ രാജീവ് ഒരു കവിത എഴുതാൻ തുടങ്ങി. റസ്റ്റോറന്റിൽ ലഭ്യമായ ഏറ്റവും മുന്തിയ ഒരു ബോട്ടിൽ വൈൻ രാജീവ് ചാൾസിനോട് ആവശ്യപ്പെട്ടു.
ഒരു കൂട്ടം പെൺകുട്ടികളോടൊപ്പം ആയിരുന്നു സോണിയയും. തന്റെ ഹൃദയം കവർന്ന ഇറ്റാലിയൻ പെൺകുട്ടിക്ക് ഒരു ഗ്ലാസ് നിറയെ വീഞ്ഞ് ഒഴിക്കാൻ രാജീവ് ചാൾസിനോട് ആവശ്യപ്പെട്ടു. ഒപ്പം താൻ പേപ്പറിൽ എഴുതിയ കവിത അവൾക്കു കൈമാറാനും. സോണിയ മൈനോയ്ക്ക് ചാൾസ് ആ വീഞ്ഞ് ഗ്ലാസിൽ പകർന്നു നൽകി, ഒപ്പം രാജീവ് പേപ്പറിൽ കുറിച്ച അനുരക്തന്റെ ഗീതകവും.
1992ലാണ് സോണിയ “രാജീവ്” എന്ന പുസ്തകം എഴുതുന്നത്. അപ്പോഴേക്കും സോണിയ മൈനോ സോണിയ ഗാന്ധി ആയിക്കഴിഞ്ഞിരുന്നു. ” ആദ്യമായി ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി. എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് എനിക്കറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ആദ്യ കാഴ്ചയിലെ അനുരാഗം ആയിരുന്നു. തനിക്കും അങ്ങനെ ആയിരുന്നു എന്ന് രാജീവ് പിന്നീട് പറഞ്ഞു. ” സോണിയ പുസ്തകത്തിൽ എഴുതി.
പിന്നെ കാംബ്രിഡ്ജിൽ അനുരാഗ ലോല ദിനങ്ങൾ. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു രാജീവ് ജീവിച്ചിരുന്നത്. ഒരു ഇറ്റാലിയൻ സ്ത്രീയുടെ പേയിങ് ഗസ്റ്റ് ആയിരുന്നു സോണിയ.
കാംബ്രിഡ്ജിലെ സിനിമാ തീയറ്ററുകൾ ആയിരുന്നു തുടക്കത്തിൽ ഇരുവരുടെയും പ്രണയോദ്യാനങ്ങൾ . ഇരുവരും ഒരുമിച്ച് കണ്ട ആദ്യ സിനിമ സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലിയും. തീയറ്റർ പ്രണയം പിന്നീട് പുഴയോരത്തെ ചാഞ്ഞ മരങ്ങൾക്കിടയിൽ ആയി. ഇരുവരും ക്ലബ്ബുകളിൽ പോയി ഡാൻസ് ചെയ്തു.
രാജീവിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് സോണിയയ്ക്ക് ഒന്നും അറിയില്ലായിരുന്നു. നെഹ്റു ഫാമിലിയെ കുറിച്ച് സോണിയ കേട്ടിട്ടും ഇല്ല. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒരിക്കൽ ഒരു സുഹൃത്ത് ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തിയപ്പോഴാണ് തന്റെ കാമുകൻ പ്രധാനമന്ത്രിയുടെ പുത്രനാണെന്ന് സോണിയ മനസ്സിലാക്കുന്നത്.