പ്രണയ നായകന്മാർ ഒന്നിക്കുന്നു: അണിയറയിൽ ഒരുങ്ങുന്നത് ഫാമിലി ത്രില്ലർ
നീണ്ട 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരികെയെത്തുന്നു. മലയാളത്തിലെ എവർഗ്രീൻ റൊമാൻറിക് ഹീറോ കുഞ്ചാക്കോ ബോബനൊപ്പമാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. റോജ എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമിയും തമിഴ്നാട്ടിലെ പ്രണയനായകൻ ഇമേജ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രണയ നായകന്മാർ പക്ഷേ ഇത്തവണ കൈ കോര്‍ക്കുന്നത് ഒരു ഫാമിലി ത്രില്ലർ സിനിമയ്ക്ക് വേണ്ടിയാണ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അരവിന്ദ് സ്വാമിയും കുഞ്ചാക്കോബോബനും കേന്ദ്ര വേഷങ്ങളിലെത്തുന്നത്. ”ഒറ്റ്”എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന് വേണ്ടി ഷാജി നടേശനും ചലച്ചിത്രതാരം ആര്യയും ചേർന്നാണ്. ശ്രീദേവി നായികയായെത്തിയ ദേവരാഗം ആണ് അരവിന്ദ് സ്വാമി നായകനായെത്തിയ അവസാന മലയാള ചിത്രം. എസ് സഞ്ജീവാണ് ഒറ്റ് എന്ന ചലച്ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 27ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ മുംബൈ, ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിലാണ്. ഒരേസമയം തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ജൂലൈ മാസത്തിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.