KeralaNEWS

കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍; പരിധിവിട്ടിട്ടില്ലെന്ന് മുരളീധരന്‍, പിന്തുണ

തിരുവനന്തപുരം: ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകവേ കൂടുതല്‍ വിശദീകരണവുമായി ശശി തരൂര്‍. ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തന്റെ കഴിവുകള്‍ പാര്‍ട്ടി വേണ്ടവിധത്തില്‍ വിനിയോഗിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

‘ഫെബ്രുവരി 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് കരുതിയില്ല. അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല. കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്’- തരൂര്‍ വ്യക്തമാക്കി.

Signature-ad

‘കോണ്‍ഗ്രസിന് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികള്‍ ഉണ്ട്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തില്‍ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്.ഘടകകക്ഷികള്‍ തൃപ്തരല്ല. എന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളിലും നേതൃപദവിക്ക് ഞാന്‍ യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നാല് തവണയായി തിരുവനന്തപുരത്ത് ജയിക്കുന്നുണ്ട്. പാര്‍ട്ടിക്കപ്പുറമുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. അതാണ് തുടര്‍ വിജയത്തിലൂടെ മനസിലാക്കുന്നത്”-എന്നായിരുന്നു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞത്,

അതേസമയം, തരൂരിന്റെ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തില്‍ ഒരുകാലത്തും പാര്‍ട്ടിക്ക് നേതൃക്ഷാമം ഉണ്ടായിട്ടില്ല. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ ഒപ്പം നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തുപോകാന്‍ പാടില്ല.

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അദ്ദേഹത്തിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. പക്ഷേ അത് പരിധിവിട്ട് പോകരുതെന്ന് മാത്രം. അങ്ങനെ ഇതുവരെ അദ്ദേഹം പരിധി വിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. രാഷ്ട്രീയം അറിയാത്ത ആളല്ല അദ്ദേഹം. തന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

 

Back to top button
error: