
കാസര്‍ഗോഡ്: മധുരയിലെ സിപിഎം ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടുമടങ്ങാന്‍ തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍. നീലേശ്വരം കൊടക്കാട് ബാങ്കും കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കുമാണ് തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കിയത്. പഴനി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനും സിപിഎം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ് കാണാനുമുള്ള സൗകര്യമൊരുക്കുന്നതാണ് നീലേശ്വരം കൊടക്കാട് ബാങ്കിന്റെ തീര്‍ത്ഥാടന യാത്ര.
പാര്‍ട്ടി കോണ്‍ഗ്രസും ഒപ്പം കൊടൈക്കനാലും കാണുന്ന രൂപത്തിലാണ് കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ടൂര്‍ പാക്കേജ്. നീലേശ്വരം കൊടക്കാട് ബാങ്കിന്റെ 4 ദിവസത്തെ പാക്കേജിന് 4700 രൂപയാണ് ചാര്‍ജ്. ഏപ്രില്‍ 4ന് വൈകിട്ട് ആരംഭിച്ച് പിറ്റേ ദിവസം പഴനി, മധുര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും കണ്ട ശേഷം രാമേശ്വരത്തെത്തി താമസം. തൊട്ടടുത്ത ദിവസം രാമേശ്വരം ക്ഷേത്രവും ധനുഷ്‌കോടി അടക്കം വിവിധ സ്ഥലങ്ങളും സന്ദര്‍ശിക്കും. ഏപ്രില്‍ 7 ന് തിരികെ നാട്ടിലേക്കും. എസി ബസ്, എസി റൂം, ഗൈഡ് എന്നിവ സഹിതമാണ് യാത്ര. വര്‍ഷങ്ങളായി സിപിഎം ഭരണത്തിലാണ് കൊടക്കാട് ബാങ്ക്.

ടൂര്‍ പാക്കേജാണ് നടത്തുന്നതെന്നും ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കാണാനുള്ള അവസരം ഒരുക്കിയതാണെന്നും ബാങ്ക് ഭാരവാഹികള്‍ പറയുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴിലുള്ള കയ്യൂര്‍ വില്ലേജ് ടൂറിസം കൂട്ടായ്മ ‘മധുരയിലേക്കൊരു ടൂര്‍ പോയാലോ, കൊടൈക്കനാലും കറങ്ങി പാര്‍ട്ടി കോണ്‍ഗ്രസും കണ്ട് മടങ്ങാം’ എന്ന പരസ്യവുമായാണ് ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 4500 രൂപയാണ് ചാര്‍ജ്. മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്.