CrimeNEWS

മൂന്നുമിനിറ്റില്‍ കവര്‍ച്ച, മൂന്നാംദിനം പിടിയില്‍; പ്രതി നടത്തിയത് വന്‍ ആസൂത്രണം

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ പട്ടാപ്പകല്‍ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാന്‍ പ്രതി റിജോ ആന്റണി നടത്തിയത് വന്‍ ആസൂത്രണം. ആഴ്ചകള്‍ക്കുമുന്‍പേ ഇതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവന്‍ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുന്‍കരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു.

മോഷണം നടത്തുന്നതിന് നാലുദിവസം മുന്‍പ് ഇയാള്‍ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാര്‍ഡുമായിട്ടാണ് വന്നത്. ഈ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ആളുകള്‍ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയില്‍ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുര്‍ബാനയില്ലെന്നതും കണക്കിലെടുത്തു.

Signature-ad

ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാള്‍ മോഷണം പൂര്‍ത്തിയാക്കിയത്. 47 ലക്ഷം രൂപയില്‍ 15 ലക്ഷം രൂപമാത്രമെ ഇയാള്‍ എടുത്തിരുന്നുള്ളു. ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട ബാങ്ക് ജീവനക്കാര്‍ ഫോണ്‍ ചെയ്യുന്നതും മറ്റും കേട്ടതോടെയാണ് പണം മുഴുവന്‍ മോഷ്ടിക്കാഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി വീട്ടില്‍നിന്നിറങ്ങി തിരിച്ച് വീട്ടിലെത്തുന്നതുവരെ മൂന്നിടത്തുനിന്ന് വസ്ത്രം മാറുമ്പോഴും സി.സി.ടി.വി. ക്യാമറ ഇല്ലെന്ന് ഉറപ്പാക്കി. ഗ്ലൗസ് വരെ മാറ്റുകയും ചെയ്തു.

മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചു. മോഷണസമയത്ത് ഹിന്ദിയാണ് ഇയാള്‍ സംസാരിച്ചിരുന്നതും. പിടിയിലാകില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു പ്രതി. മോഷണം സംബന്ധിച്ച വാര്‍ത്തകളെല്ലാം ഫോണിലൂടെ ഇയാള്‍ അറിയുന്നുണ്ടായിരുന്നു.വീടുവിട്ട് പോയില്ല. പോലീസ് തേടിയെത്തിയപ്പോള്‍ പ്രതിക്ക് അതുവലിയ ആഘാതമായി. പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി പ്രതിയിലേക്ക് എത്താനായത് പോലിസിന് വന്‍ നേട്ടവുമായി.

Back to top button
error: