CrimeNEWS

വീട്ടിലെത്തി പലിശക്കാരുടെ ഭീഷണി; മുറിയില്‍ക്കയറി ആത്മഹത്യയ്ക്കുശ്രമിച്ച യുവതി മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാറിനു സമീപം വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. സംഭവത്തിനു പിന്നില്‍ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മര്‍ദവുമെന്ന് ആരോപണമുണ്ട്. യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശേരി ഷിനി(35)യാണ് മരിച്ചത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷന്‍ ഏജന്റുമാര്‍ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാര്‍ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തി വരാന്തയിലിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചുവെന്നും അപകടം മണത്ത ഏജന്റുമാര്‍ സ്ഥലംവിട്ടുവെന്നും നാട്ടുകാര്‍ പറയുന്നു.

Signature-ad

സംശയം തോന്നിയ അയല്‍വാസികള്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ ടൈല്‍സ് പണിക്കാരനായ ഭര്‍ത്താവ് രതീഷിനെ അറിയിച്ചു. ജോലിസ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലംപ്രയോഗിച്ച് വാതില്‍ തുറന്നു. ഉടന്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരിച്ചു.

മക്കള്‍: രാഹുല്‍, രുദ്ര (ഇരുവരും എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍). ഷിനിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Back to top button
error: