CrimeNEWS

നിധി കണ്ടെത്താന്‍ കിണറ്റില്‍ കുഴി കുത്തി; ലീഗ് നേതാവുള്‍പ്പെടെ 5 പേര്‍ പിടിയില്‍

കാസര്‍ഗോഡ്: നിധി കണ്ടെത്തുന്നതിന് കിണറ്റില്‍ കുഴിക്കുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കെ.എം.മുജീബ് റഹ്‌മാന്‍ (മുജീബ് കമ്പാര്‍-40), മൊഗ്രാല്‍-പുത്തൂര്‍ പാല്‍ത്തൊട്ടി എം.എ.ഹൗസിലെ കെ.എ.മുഹമ്മദ് ജാഫര്‍ (40), പാലക്കുന്ന് ചിറമ്മല്‍ ഹൗസിലെ അജാസ് (26), മടിക്കൈ കൂട്ടപ്പുന ഷഹദ് മന്‍സിലിലെ എന്‍.കെ.സഹദുദ്ദീന്‍ (26), മുളിയാര്‍ നെല്ലിക്കാട് ഹൗസിലെ മുഹമ്മദ് ഫിറോസ് (27) എന്നിവരാണ് അറസ്റ്റിലായത്. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം. കാസര്‍കോട്-മംഗളൂരു ദേശീയപാതയ്ക്കരികിലെ പുരാതനമായ ആരിക്കാടി കോട്ടയിലെ കിണറിലാണ് നിധി കണ്ടെത്താനായി സംഘം തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് കിളച്ചത്. വെള്ളമില്ലാത്ത കിണറില്‍ കിളക്കുന്ന ശബ്ദംകേട്ട ചിലര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് കൂടുതല്‍ പേരെത്തി സംഘത്തെ തടഞ്ഞുവെച്ചു.

Signature-ad

തുടര്‍ന്ന് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി.വിനോദ് കുമാര്‍, എസ്.ഐ. കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി സംഘത്തെ സ്റ്റേഷനിലെത്തിച്ചു. ദേശീയപാത വികസനത്തെത്തുടര്‍ന്ന് കോട്ടയിലെത്താനുള്ള റോഡുകള്‍ അടഞ്ഞ നിലയിലാണ്. അതിനാല്‍ കോട്ടയില്‍ സഞ്ചാരികളെത്തുന്നതും വളരെ കുറവാണ്. കോട്ടയുടെ മിക്ക ഭാഗങ്ങളിലും പാഴ്‌ച്ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഇത് സംഘത്തിന് സഹായകമായി.

നിധിവേട്ടയാണ് സംഘം നടത്തിയതെന്നും കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. നിലവില്‍ കുറ്റംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേര്‍ന്നതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Back to top button
error: