CrimeNEWS

ചെന്താമര സൈക്കോ, പുതിയ ഉടുപ്പിട്ടാല്‍ പോലും പ്രശ്‌നമെന്നു നാട്ടുകാര്‍; പരാതി പോലീസ് അവഗണിച്ചെന്ന് സുധാകരന്റെ മകള്‍

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്ക്കെതിരേ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും. ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇതേ വൈരാഗ്യത്തിന്റെ പുറത്താണ് 2019-ല്‍ സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.

Signature-ad

മാത്രമല്ല, പ്രതി ജനങ്ങള്‍ക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പോലീസിന് പരാതി നല്‍കിയിരുന്നതായി പ്രദേശവാസികളും പറയുന്നു. ആ പരാതിയും പോലീസ് ഗൗനിച്ചില്ല എന്നാണ് ആരോപണം. ചെന്താമര സൈക്കോയാണെന്നും പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോണ്‍ ചെയ്താലോ വരെ ഇയാള്‍ അക്രമാസക്തനാകുമെന്നും നാട്ടുകാര്‍ പറയുന്നു. സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

ചെന്താമരയുടെ ഭാര്യയും മകളും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. ഇയാള്‍ക്കെതിരേ പരാതി നല്‍കിയപ്പോള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പോലീസിന്റെ മറുപടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അതേസമയം, ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ അറക്കമലയെന്ന പ്രദേശത്തുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഡ്രോണ്‍ ഉള്‍പ്പടെയുപയോഗിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്.

Back to top button
error: