KeralaNEWS

മിമിക്രി താരവും നര്‍ത്തകനുമായ അവ്വൈ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്.

മികച്ച രീതിയില്‍ നൃത്തം ചെയ്തതിന് കമല്‍ ഹാസന്‍ സന്തോഷിനെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. ഇതോടെ സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭന്‍, സ്പാനിഷ് മസാല, അപരന്‍മാര്‍ നഗരത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ സന്തോഷ് അഭിനയിച്ചു.

Signature-ad

ജയറാം, നാദിര്‍ഷ, കലാഭവന്‍ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളില്‍ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ: ഷീന. മക്കള്‍: അലീന, ജോണല്‍. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയില്‍.

Back to top button
error: