കൊല്ലം: രണ്ട് എസ്‌ഐമാര്‍ പ്രതികളായ സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ വനിതാ എസ്ഐക്ക് സ്ഥലം മാറ്റം. എസ്‌ഐ: ഐ.വി ആശയെ കൊല്ലം എസ്എസ്ബി യൂണിറ്റില്‍നിന്ന് പത്തനംതിട്ടയിലേക്കാണ് മാറ്റിയത്. ഒന്നാം പ്രതി വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നല്‍കി.
യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിതാ എസ്‌ഐയെ സ്ഥലം മാറ്റിയത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.
സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ അഭിഷേകും ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തി.
ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.