പടവുകൾ
കൃഷ്ണ ജനിച്ചത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വലഞ്ഞ അവൾ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായി ഡല്‍ഹിക്ക് കുടിയേറി. ഒപ്പം കുടുംബവും ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അവള്‍ക്കും ഭര്‍ത്താവിനും ഒരു ജോലി കണ്ടെത്താനായില്ല. അവര്‍ തീവ്ര ദാരിദ്ര്യത്തിലൂടെയാണ് ഈ നാളുകളില്‍ കടന്നുപോയത്. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിക്കൊപ്പം അവള്‍ അച്ചാറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
കൃഷിയില്‍ നിന്നും ലഭിച്ച 3000 രൂപയായിരുന്നു അവളുടെ മുതല്‍മുടക്ക്. ഇടനിലക്കാരെ ആശ്രയിക്കാതെ അച്ചാറുകളുടെ വിപണനം നേരിട്ടാണ് നടത്തിയത്. ഉത്പന്നങ്ങള്‍ തെരുവുകളില്‍ കൊണ്ടുനടന്നു വിറ്റു. നേരിട്ടുളള ഈ വില്‍പന ഫലംകണ്ടു. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചുതുടങ്ങി. ഇതൊരു ബ്രാന്റായി മാറി. ശ്രീകൃഷ്ണ പിക്കിള്‍സ് എന്ന ഈ സംരംഭം 5 കോടിയിലധികം വിറ്റുവരവുളള അച്ചാര്‍ ബ്രാന്റുകളിലൊന്നായി മാറി.
ഇന്നവര്‍ ഏകദേശം 100ലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 2015 ല്‍ കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ നാരി ശക്തി സമ്മാന്‍ പുരസ്‌കാരം കൃഷ്ണ യാദവിനെ തേടിയെത്തി. ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വീട്ടമ്മയുടെ അര്‍പ്പണബോധത്തിന്റെയും പിടിവാശിയുടേയും കഥയാണ് ഈ വിജയം.
ഈ വിജയവീഥിയിലെ ഓരോ ചുവടും നമുക്കും മാതൃകയാക്കാം.
വിജയാശംസകൾ ഒപ്പം ശുഭദിനവും ആശംസിക്കുന്നു