മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് ദാരുണാന്ത്യം. 13 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. പുഷ്പക് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചത്. അപകടത്തിൽ ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടമായി. 6 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പച്ചോറയ്ക്ക് സമീപമുള്ള മഹെജി – പർദാഡെ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകിട്ട് 6മണിയോടെയാണ് അപകടം ഉണ്ടായത്. പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തേക്ക് ചാടിയ യാത്രക്കാരെ സമീപത്തെ ട്രാക്കിലൂടെ എത്തിയ, ബെംഗളൂരുവിൽ നിന്ന് ഡൽഹിക്കു പോകുകയായിരുന്ന കർണാടക എക്സ്പ്രസ് വന്നിടിക്കുകയായിരുന്നു. ലഖ്നൗ- മുംബൈ ട്രെയിനാണ് പുഷ്പക് എക്സ്പ്രസ്. പുഷ്പക എക്സ്പ്രസ് ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ണ്ടാണ് 25 ലേറെ യാത്രക്കാർ പുറത്തേക്ക് ചാടി എന്നാണ് റിപ്പോർട്ട്.
എന്നാൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന ആരോപണം റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല. തീപിടുത്തമുണ്ടായെന്ന അഭ്യൂഹത്തെത്തുടർന്ന് ആരോ ട്രെയിനിലെ ചങ്ങല വലിച്ചതായി സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചിനുള്ളിൽ ‘ബ്രേക്ക് – ബൈൻഡിങ്’ (ജാമിങ്) കാരണം തീപ്പൊരി ഉണ്ടാകുകയും തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ചെയിൻ വലിക്കുകയായിരുന്നു. അപ്പോൾ ചിലർ ട്രെയിനിൽ നിന്ന് സമീപത്തെ ട്രാക്കിലേക്ക് ചാടി. ഈ സമയം ഈ പാളത്തിലൂടെ കടന്നുപോയ കർണാടക എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വൈദ്യചികിത്സ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ കൈമാറി.