ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന രണ്ടാം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി എന്ന കേസിലെ പ്രതിക്ക് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മിസ്‌രിയ അബ്ദുൽ റഹ്‌മാനെ (33) യാണ് ഹൈക്കോടതി വെറുതെ വിട്ടത്.
2011 ഓഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവ് മഞ്ചേശ്വരം സ്വദേശി അബ്ദുൽ റഹ്‌മാൻ താനറിയാതെ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞ മിസ്‌രിയ, ഭർത്താവും രണ്ടാം ഭാര്യ നഫീസത് മിസ്‌രിയയും (21) താമസിക്കുന്ന ഉപ്പളയിലെ വീട്ടിലെത്തുകയും നഫീസത് മിസ്‌രിയയും ഭർത്താവ് അബ്ദുൽ റഹ്‌മാനും ഉറങ്ങിക്കിടന്ന മുറിയിലേക്ക് മിസ്‌രിയ പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു എന്നതായിരുന്നു കേസ്.
ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസ്‌രിയ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുവതി 7 മാസം ഗർഭിണിയായിരുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മിസ്‌രിയയെ ഗോവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പൊള്ളലേറ്റ അബ്‌ദുൽ റഹ്‌മാൻ ദീർഘ കാലം ചികിത്സയിലായിരുന്നു.
ഹൈക്കോടതിയുടെ നിരീക്ഷണം
പ്രോസിക്യൂഷന് കേസ് പൂർണമായും തെളിയിക്കാൻ സാധിക്കാത്തതുകൊണ്ടാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീൽ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം, പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽ മതിയായ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരായ സാഹചര്യ തെളിവുകൾ ശക്തമായിരുന്നെങ്കിലും, അവയുടെ ആധികാരികതയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, മരണമൊഴിയുടെ കാര്യത്തിൽ പ്രോസിക്യൂഷൻ വാദങ്ങളിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത് നഫീസത് മിസ്‌രിയയുടെ മരണമൊഴിയെയും ചില പ്രത്യക്ഷ സാക്ഷികളുടെ മൊഴികളെയുമായിരുന്നു. എന്നാൽ, മരണമൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും, സാക്ഷികളുടെ മൊഴികളിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
പെട്രോൾ ഒഴിച്ചതിനുള്ള നേരിട്ടുള്ള തെളിവുകളോ, പ്രതിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന ശക്തമായ തെളിവുകളോ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ല. ജനൽ വഴി പെട്രോൾ ഒഴിച്ചു എന്ന വാദം കോടതിക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല. ജനലിന്റെ വലിപ്പക്കുറവും, തൊണ്ടി മുതലുകളിൽ പെട്രോളിന്റെ അംശം കണ്ടെത്താൻ കഴിയാത്തതും പ്രോസിക്യൂഷൻ വാദത്തിന് എതിരായിരുന്നു. പ്രതി പെട്രോൾ ഒഴിച്ച രീതി, പെട്രോളിന്റെ ഉറവിടം, തീ കൊളുത്തിയ രീതി എന്നിവ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി വിലയിരുത്തി.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത വസ്തുക്കളിൽ പെട്രോളിന്റെ അംശം കണ്ടെത്താനായില്ലെന്ന ഫോറൻസിക് റിപ്പോർടും യുവതിക്ക് അനുകൂല ഘടകമായി. ഈ സാഹചര്യത്തിൽ, പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈക്കോടതി അസന്നിഗ്ധമായി വിലയിരുത്തി. അതിനാൽ, കീഴ്ക്കോടതിയുടെ വിധി റദ്ദാക്കുകയും മിസ്‌രിയയെ വെറുതെ വിടുകയുമായിരുന്നു. ഇതോടെ വർഷങ്ങളായി നീണ്ട നിയമപോരാട്ടത്തിനാണ് താത്കാലിക വിരാമമായത്.