തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പി.വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അന്‍വറിനെതിരേയുള്ള പരാതി. നാല് മാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്.
കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയായിരുന്നു ഇത്. ഭൂമി ജാമ്യത്തില്‍ കാണിച്ച് കമ്പനി വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അന്‍വര്‍ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്.
കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയില്‍ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവും അടുത്തദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. അതിനിടെയാണ് ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അന്‍വറിനെതിരേ വിജിലന്‍സ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്.
വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. കേസെടുത്തുള്ള അന്വേഷണമല്ല, വിജിലന്‍സ് എന്‍ക്വയറിക്കാണ് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി എങ്ങനെ പോക്കുവരവ് നടത്തും, ഇങ്ങനെ ചെയ്യുന്നതില്‍ അപാകതയുണ്ടോ ഇതില്‍ അന്‍വറിനെന്താണ് നേട്ടം തുടങ്ങിയ കാര്യങ്ങളാവും വിജിലന്‍സ് അന്വേിക്കുക.