എറണാകുളം: ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരെ മാനേജ്മെൻ്റ് കൂട്ടത്തോടെ സ്ഥലം മാറ്റി. അറുപതിലതികം ജീവനക്കാരെയാണ് ഇരുമ്പനത്തെ യൂണിറ്റിൽ നിന്ന് തിരുവല്ലയിലേയ്ക്ക് മാറ്റിയത്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിട്ടില്ല.
ട്രാക്കോ കമ്പനിയിലെ ജീവനക്കാരൻ ഉണ്ണി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജെന്നായിരുന്നു സർക്കാരിൻ്റെയും കമ്പനി മാനേജ്മെന്റിൻ്റെയും വാഗ്ദാനം. എന്നാൽ ഇതുവരെയും സഹായം നൽകിയില്ലെന്ന് മാത്രമല്ല ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ്. സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു. ഭൂമി കൈമാറ്റമുൾപ്പെടെയുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജി പിൻവലിക്കണമെന്നാണ് മാനേജ്മെൻ്റ് ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമെ പാക്കേജിൻ്റെ കാര്യത്തിലേക്ക് കടക്കാനുകയുള്ളുവെന്നും ട്രാക്കോ കമ്പനി ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ട്രാക്കോ കമ്പനിയിൽ ജീവനക്കാർക്ക് 12 മാസത്തെ ശമ്പളമാണ് കുടിശികയായിട്ടുള്ളത്. ഒരു മാസത്തെ ശമ്പളം ഡിസംബറിൽ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും മുഴുവൻ തുകയും ലഭ്യമായിട്ടില്ല.