ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുന്‍പ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിര്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുര്‍ജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുര്‍ജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തനുവിന്റെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. വിവാഹത്തിന് 4 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് യുവതി വീട്ടുകാരെ അറിയിക്കുന്നത്. ഇഷ്ടമില്ലാത്തയാളുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിപ്പിക്കുന്നെന്ന് പറഞ്ഞ് തനു സംഭവദിവസം സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിക്കി എന്നയാളുമായി തനിക്ക് പ്രണയമുണ്ടെന്നും ഈ വിഡിയോ പുറത്തുവന്നാല്‍ താന്‍ ജീവനോടെയുണ്ടാകുമോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നുണ്ട്. വിഡിയോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടത്.
വിഡിയോ പോസ്റ്റ് ചെയ്തതില്‍ പ്രകോപിതനായാണ് പിതാവ് മഹേഷ് ഗുര്‍ജാര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മകളുടെ നെഞ്ചിനാണ് പിതാവ് വെടിവച്ചത്. പിന്നാലെ ബന്ധു, തനുവിന്റെ നെറ്റിയിലും കഴുത്തിലും വെടിയുതിര്‍ത്തു. തനു പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇവരുടെ മുന്നില്‍ വച്ചാണ് പിതാവ് മകളെ വെടിവച്ചു കൊന്നത്. സംഭവത്തിനു പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു ഓടി രക്ഷപ്പെട്ടു.