ആരാധന പിരിധിവിട്ടു, ഗായകനെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്കി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍, വീഡിയോ വൈറല്‍; ഭര്‍ത്താവ് ക്ഷുഭിതനായി വിവാഹ മോചനം തേടി, ഒടുവില്‍ ക്ഷമ ചോദിച്ച് യുവതി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയുടെ ആവേശവും കൂടിയായതോടെ മിറിയം സ്റ്റേജിലേക്ക് ഓടിച്ചെല്ലുകയും റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്‍കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ താമസിയാതെ പ്രചരിച്ചു. എന്നാല്‍ തന്റെ ദാമ്പത്യജീവിതത്തില്‍ ഇതൊരു പ്രശ്നം സൃഷ്ടിക്കാന്‍ പോകുകയാണെന്ന് മിറിയം അറിയാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ധാരാളം ആരാധകരുള്ള ഒരു ഇന്‍സ്റ്റഗ്രാം ഇന്ഫ്ലുവന്സറാണു മിറിയം. ഡെയ്ഷ ഒഫീഷ്യല്‍ എന്ന സ്ക്രീന്‍ നാമത്തിലാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്സ് അവര്‍ക്ക് സമൂഹമാധ്യമത്തിലുണ്ട്. വിഡിയോ പലവഴിയില്‍ പ്രചരിച്ച് ഒടുവില്‍ മിറിയത്തിന്റെ ഭര്‍ത്താവിന്റെ പക്കലുമെത്തി.
വിഡിയോ കണ്ട് ക്ഷുഭിതനായ ഭര്‍ത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുകയാണെന്നാണ് പ്രചരിക്കുന്ന വിവരം. പത്തുവര്ഷത്തോളമായ വിവാഹത്തില്‍ കുട്ടികളുമുണ്ട്. പിന്നീട് ഭര്‍ത്താവിനോട് ക്ഷമാപണം നടത്തി മിറിയം ഒരു വിഡിയോ പുറത്തിറക്കി. തന്റെ പത്തുവര്‍ഷമായ വിവാഹത്തിന്റെ വിലയുണ്ടായിരുന്നു ആ ചുംബനത്തിനെന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞു.
എന്നാല്‍ ചുംബനം നല്‍കിയതില്‍ തനിക്കു വിഷമമോ പശ്ചാത്താപമോ ഇല്ലെന്നും റോമിയോ സാന്റോസിനെ താന്‍ അത്രയ്ക്ക് ആരാധിക്കുന്നുണ്ടെന്നും മിറിയം പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിനെ വിഷമിപ്പിച്ചതില്‍ താന്‍ ക്ഷമ പറയുന്നെന്നും വിവാഹ മോചന തീരുമാനത്തില്‍നിന്നു ഭര്‍ത്താവ് പിന്മാറുമെന്നാണു പ്രതീക്ഷയെന്നും അവര്‍ ആ വിഡിയോയില്‍ പറഞ്ഞു. മിറിയത്തിന്റെ ആരാധകരും വിഷയത്തില്‍ രണ്ടു തട്ടിലായി.
മിറിയം ചെയ്തത് വിവാഹബന്ധത്തിന് എതിരായ കാര്യമാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ ഭര്‍ത്താവിനും വിമര്‍ശനം വന്നു. ഭര്‍ത്താവിന്റെ അരക്ഷിതത്വ ബോധമാണ് ഈ നീക്കത്തിലേക്കു നയിച്ചതെന്നായിരുന്നു ആ വിമര്‍ശനം. എന്നാല്‍ പത്തുവര്‍ഷമായി ഒരുമിച്ചു കഴിഞ്ഞതല്ലേ, ഈയൊരു സംഭവം പറഞ്ഞുതീര്‍ക്കണമെന്നും വിവാഹ മോചന തീരുമാനം മാറ്റണമെന്നുമാണ് ന്യൂട്രല്‍ രീതിയില്‍ ചിലര്‍ അഭിപ്രായം പറഞ്ഞത്. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സില്‍ രൂപപ്പെട്ട ഡൊമിനിക്കന്‍ സംഗീത ബാന്‍ഡായ അവഞ്ചുറയിലെ അംഗമായിരുന്നു റോമിയോ. ഇന്ന് ഈ ബാന്‍ഡ് ഇല്ല. എന്നാല്‍ ബാന്‍ഡ് അംഗങ്ങള്‍ കുറച്ചുകാലത്തേക്ക് പുനസംഘടിച്ച് നടത്തിയ റിയൂണിയന് ടൂറിലാണു വിവാദ ചുംബനം ഉണ്ടായത്.