KeralaNEWS

പി.വി അൻവർ എം.എൽ എ സ്ഥാനം രാജിവച്ചു, തൃണമൂൽ നേതാവായി ഇനി ഉപതിരഞ്ഞെടുപ്പ്

      നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. ഇന്ന് (തിങ്കൾ) രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട്  രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാജി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്.  ഒന്നര വർഷത്തോളം ഇനി കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി ഇതോടെ അരങ്ങൊരുങ്ങുകയാണ്.

സിപിഎം സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി 2 തവണ നിലമ്പൂരിൽ  വിജയിച്ച അൻവറിലൂടെ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

Signature-ad

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഇന്നലെ കണ്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. എംഎൽഎ സ്ഥാനം രാജിവച്ചത്. ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമതയാണത്രേ നിർദേശം നൽകിയത്. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കും എന്നാണു വിലയിരുത്തൽ.

തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ നിലമ്പൂരിൽ നിന്നു മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന ചോദ്യം ഇതിനകം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കഴിഞ്ഞു. മലപ്പുറം ജില്ലയിൽ കോൺ​ഗ്രസിൻ്റെ പരമ്പരാ​ഗത ശക്തികേന്ദ്രമായ നിലമ്പൂർ തൃണമൂൽ കോൺ​ഗ്രസിന് വിട്ടുനൽകാനുള്ള നീക്കം ജില്ലയിലെ കോൺ​ഗ്രസ് നേതാക്കൾ അനുകൂലിക്കാൻ സാധ്യതയില്ല. എന്തുതന്നെയായാലും ആകാംക്ഷ നിറഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് അൻവർ വീണ്ടും ഒരുങ്ങുന്നത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനും രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: