കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലായിരുന്നു ഇന്നലെ രാത്രി കഴിഞ്ഞത്. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിരുന്നു ബോബി. സമീപകാലത്തായി എത്തിയ ഇവര്‍ മയക്കുമരുന്ന്, മോഷണക്കേസ് പ്രതികളാണ്. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. കഴിക്കാനാവശ്യമായ മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
സാധാരണ വൈകിട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ജയിലില്‍ ഭക്ഷണം കരുതിയത്. ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു.
അതേസമയം, നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകിട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.