കൊച്ചി: സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ ഹരജിയില്‍ പറയുന്നു.
ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനുള്ള അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍.
ലോറന്‍സ് മതപരമായി ജീവിച്ച ആളാണെന്നും അതിനാല്‍ മതാചാരപ്രകാരമുള്ള സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മക്കളായ ആശയും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. തര്‍ക്കങ്ങള്‍ അധിക നാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ച ആള്‍ക്ക് അല്പമെങ്കിലും ആദരവ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാറും ജസ്റ്റിസ് എസ്. മനുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കപരിഹാരത്തിന് മുതിര്‍ന്ന അഭിഭാഷകനായ എന്‍.എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചു. എന്നാല്‍ ആശാ ലോറന്‍സും സുജാത ബോബനും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. പിന്നാലെ വാദം കേട്ട ശേഷമാണ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
സെപ്തംബര്‍ 21നാണ് ലോറന്‍സ് അന്തരിച്ചത്. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനുള്ള മകന്‍ എം.എല്‍ സജീവന്റെ തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹരജിയില്‍ കേരള അനാട്ടമി ആക്ട് പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ നിയമതടസങ്ങള്‍ ഇല്ലെന്നായിരുന്നു അഡൈ്വസറി കമ്മറ്റിയുടെ കണ്ടെത്തല്‍. പിന്നീട് തന്റെ വാദം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ തീരുമാനമാണ് അഡൈ്വസറി കമ്മിറ്റി എടുത്തതെന്ന് ആരോപിച്ച് ആശ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടിരുന്നു.