KeralaNEWS

ട്രെയിന്‍ വന്നത് മറ്റൊരു പ്ലാറ്റ്‌ഫോമില്‍; ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, യുവതി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മധുര സ്വദേശിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. മധുര ഇരവത്താനല്ലൂര്‍ ആഡൈക്കുളം പിള്ളൈ കോളനി സ്വദേശി കാര്‍ത്തിക ദേവിയാണ് (35) മരിച്ചത്.

കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുനലൂര്‍- മധുര എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രെയിനിന്റെ അടിയില്‍ അകപ്പെടുകയായിരുന്നു. ബുധന്‍ രാത്രി 7.45നാണ് സംഭവം. കാര്‍ത്തികയും ഭര്‍ത്താവും മക്കളും അടങ്ങുന്ന 13 അംഗ സംഘം 29ന് മധുരയില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയതാണ്. തിരികെ മടങ്ങവേയാണ് അപകടം. എസ് മൂന്ന് കോച്ചില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇവര്‍ പ്ലാറ്റ്ഫോം മൂന്നിലാണ് നിന്നതെങ്കിലും ട്രെയിന്‍ വന്നത് മറ്റൊരു പ്ലാറ്റ്ഫോമിലായിരുന്നു.

Signature-ad

ട്രെയിന്‍ പോകുന്നത് കണ്ട് ഭര്‍ത്താവ് സെല്‍വകുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ട്രെയിനില്‍ ഓടിക്കയറി. എന്നാല്‍ കാര്‍ത്തിക കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ബന്ധുക്കളുടെ ബഹളം കേട്ടതോടെ ട്രെയിന്‍ നിറുത്തി. കാര്‍ത്തികയുടെ ഭര്‍ത്താവ് ശെല്‍വകുമാര്‍ മധുരയില്‍ ജുവലറി ഉടമയാണ്. സംഭവത്തില്‍ തുമ്പ പൊലീസ്,റെയില്‍വേ പൊലീസ് എന്നിവര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Back to top button
error: