KeralaNEWS

തിരുനെല്‍വേലിയില്‍ തള്ളിയ മാലിന്യം നീക്കാന്‍ കേരളത്തിന് ചെലവായത് 50 ലക്ഷം; മാറ്റിയത് 29 ലോഡ്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ ആശുപത്രി മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ, 29 ലോഡ് മാലിന്യമാണ് കേരളം നീക്കിയത്. തിരുനെല്‍വേലി ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ അനധികൃതമായി വലിച്ചെറിഞ്ഞ മെഡിക്കല്‍, വേര്‍തിരിക്കാത്ത മാലിന്യങ്ങളാണ് നീക്കിയത്.

തിരുവനന്തപുരം ആര്‍.സി.സിയിലേത് അടക്കമുള്ള മാലിന്യങ്ങളാണ് അനധികൃതമായി തിരുനെല്‍വേലിയില്‍ തള്ളിയത്. സംഭവം വിവാദമായതിനു പിന്നാലെ, വിഷയം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) മുന്നിലുമെത്തി. ഡിസംബര്‍ 20ന് എന്‍ജിടിയുടെ ദക്ഷിണമേഖലാ ബെഞ്ച് മൂന്ന് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Signature-ad

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിന് പിന്നാലെ, കരാര്‍ ലംഘനം നടത്തിയ സേവന ദാതാവായ സുനേജ് ഇക്കോ സിസ്റ്റംസിനെ സംസ്ഥാന ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാന നഗരത്തിലെ പ്രധാന മാലിന്യ ഉത്പാദക സ്ഥാപനങ്ങളായ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), ക്രഡന്‍സ് ഹോസ്പിറ്റല്‍, ലീല കോവളം, ആര്‍ടെക് സിനിമാസ്, ഹൈസിന്ത് എന്നിവയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

തലസ്ഥാനത്തെ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നിയമലംഘനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിന് കനത്ത പിഴ ചുമത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അത്തരത്തില്‍ വിധിയുണ്ടായാല്‍, നിയമലംഘനം നടത്തിയവരില്‍ നിന്നും ഈടാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: