കൊച്ചി: മലയാളികള്‍ സാരിയുടുക്കാന്‍ പഠിച്ചത് ആരില്‍ നിന്നെന്ന് സംശയമുണ്ടോ? എന്നാല്‍, സംശയംവേണ്ട ഗോവക്കാരില്‍ നിന്നത്രെ… 16-ാം നൂറ്റാണ്ടില്‍ ഗോവയില്‍നിന്ന് പോര്‍ട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്. ഗോവയില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടര്‍ ഉത്സാഹിച്ചു. മേല്‍മുണ്ട് ധരിക്കാന്‍ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ കൂടിയായിരുന്നു പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവര്‍ ആവിഷ്‌കരിച്ചു.
ഗോവയില്‍നിന്ന് വന്ന് കേരളീയരായി മാറിയവരുടെ സാംസ്‌കാരിക തനിമയെക്കുറിച്ച് അറിയാന്‍ കലാ, സാംസ്‌കാരിക സംഘടനായ ‘എക്‌മേളി’ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇന്ന് കലാമേള സംഘടിപ്പിക്കുന്നുണ്ട്. മൂന്നു മണിമുതലാണ് പരിപാടി. പോര്‍ട്ടുഗീസ് അധിനിവേശത്തില്‍ ഗോവയില്‍ അനുഭവിച്ച ദുരന്തങ്ങള്‍ ഗൗഢ സാരസ്വത ബ്രാഹ്‌മണ സമാജം ‘ഫോദ്ധോ അനി ഫോഡ്ദോ’ എന്ന ലഘു നാടകമായി ആവിഷ്‌കാരിക്കും. സരീഡാന്‍സ് എന്ന വര്‍ണശബളമായ സുന്ദരനൃത്തരൂപവും അരങ്ങേറും. 11 സ്ത്രീകള്‍ ചേര്‍ന്ന് സാരിയും ആഭരണങ്ങളും ഉടുത്ത് ഡാന്‍സ് ചെയ്ത് സാരി കൊണ്ട് താമര, ചിത്രശലഭം, സീതയുടെ കുടില്‍, മയില്‍, മഹാവിഷ്ണുവിന്റെ അനന്തശയനം, മഹാവിഷ്ണുവിന്റെ ചക്രം, അര്‍ജുനന്റെ രഥം എന്നിവ നൃത്തരൂപേണ ഒരുക്കും