നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ലധികം സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചില സീറ്റുകളാണ് കേരള കോൺഗ്രസ് എം ,ജെഡിഎസ് തുടങ്ങിയ പാർട്ടികൾക്ക് വിട്ടുകൊടുത്തത്. ഇതിൽ നിന്നുള്ള സീറ്റുകൾ അടക്കമാണ് 90ലധികം എന്ന സംഖ്യ.
10 ശതമാനം സീറ്റ് സ്ത്രീകൾക്കായി മാറ്റിവയ്ക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റ് പുതുമുഖങ്ങൾക്ക് നൽകും.
മിഷൻ 60 എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതായത് 60 സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്ന്. ഇരുപതിലധികം സീറ്റുകൾ മുസ്ലിം ലീഗിന് ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അഞ്ചിലധികം സീറ്റുകൾ മറ്റു ഘടകകക്ഷികൾക്ക് ലഭിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ എൺപതിലധികം സീറ്റുകളുമായി അധികാരത്തിലെത്താം എന്നാണ് കോൺഗ്രസ് കരുതുന്നത്.
സീറ്റ് നിർണയ ചർച്ച ഉടൻ പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തിയതിനുശേഷം 25ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.