ബെംഗളൂരു: കണ്ടെയ്നര്‍ ട്രക്ക് മറിഞ്ഞ് കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നെലമംഗലയ്ക്ക് സമീപം എസ്യുവി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം ആറുപേരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ബെംഗളൂരുവില്‍ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എസ്യുവിയും ട്രക്കും വഴിമധ്യേ ആണ് അപകടത്തില്‍പെട്ടത്. ഒരേ പാതയിലൂടെയായിരുന്നു രണ്ടുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഇതിനിടെ എതിരെ വന്ന ലോറിയുമായി കണ്ടെയ്നര്‍ ട്രക്ക് കൂട്ടിയിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എസ്യുവി പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജയപുരയില്‍ നിന്നുള്ള ബിസിനസുകാരന്റെ കുടുംബം ആണെന്നാണ് പ്രാഥമിക വിവരം. പേരുവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വാരാന്ത്യ അവധി ആയതിനാല്‍ നഗരത്തിന് പുറത്തേക്ക് കുടുംബം യാത്ര പോവുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, അപകടത്തില്‍ പെട്ട ട്രക്ക് അടക്കമുള്ള വാഹനങ്ങള്‍ മൂന്ന് ക്രെയിനുകള്‍ ഉപയോഗിച്ചാണ് പൊലീസ് റോഡില്‍ നിന്ന് നീക്കിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാത നാലില്‍ മൂന്ന് കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചിരുന്നു.