ടെല്‍അവീവ്: ഇസ്രയേലിനെതിരേ ആക്രമണവുമായി യെമനിലെ ഹൂതികള്‍. ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചുവെന്നും 16 പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്.
പുലര്‍ച്ചെ 3:44-നാണ് ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.
ഇതാദ്യമായല്ല ഹൂതികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ടെല്‍ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ജൂലൈ മാസത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണം നടത്തുകയും ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അന്ന് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേ നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.