ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഇന്ന് നടത്തി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ആത്മഹത്യ ചെയ്തത്. സൊസൈറ്റിക്ക് മുന്പിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്ന് രാവിലെ സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. പക്ഷേ പണം ലഭിച്ചില്ലെന്നു മാത്രമല്ല ബാങ്ക് സെക്രട്ടറിയും രണ്ട് ജീവനക്കാരും ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് വിവരം. ഇതേതുടര്ന്നാണത്രേ ആത്മഹത്യ ചെയ്തത്.
രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയില്‍ വ്യാപാരിയാണ് സാബു. സൊസൈറ്റിയിൽ 25 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇത് തിരിച്ചു ചോദിച്ചുവെങ്കിലും മാസം തോറും നിശ്ചിത തുക നല്‍കാമെന്നാണ് ബാങ്കുകാർ അറിയിച്ചത്.
ഇപ്രകാരം തുക നല്‍കിയിരുന്നു. എന്നാല്‍, ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. ഇതേ തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഭാര്യയുടെ ചികിൽസാർത്ഥം പണം ആവശ്യപ്പെട്ടെത്തിയ തന്നെ ജീവനക്കാർ അപമാനിച്ച് ഇറക്കി വിട്ടു എന്ന പരാമർശം സാബുവിൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിലായത്. അതേസമയം സൊസൈറ്റിക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകർക്ക് ഘട്ടം ഘട്ടമായി പണം നൽകുന്നുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇന്ന് കട്ടപ്പനയിൽ നടന്ന ഹർത്താലിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിജെപി, കോൺഗ്രസ്, വ്യാപാരി വ്യവസായി സംയുക്തമായാണ് ഹർത്താൽ നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെയായിരുന്നു ഹർത്താൽ.