ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങള്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
‘മറ്റുരാജ്യങ്ങള്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ അതേ തുക തിരിച്ചും നികുതി ഈടാക്കും. എല്ലായിപ്പോഴും അവര്‍ ഞങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ല’, ട്രംപിനെ ഉദ്ദരിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.
ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതായി അദ്ദേഹം ആരോപിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.