പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ബവ്‌റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്.
റാന്നി ഇട്ടിയപ്പാറ ബവ്‌റിജസ് ഔട്ട്ലെറ്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് അമ്പാടിയും പ്രതികളും തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്ന് മന്ദമരുതിയിലേക്കു പോയ അമ്പാടി കാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു. പിന്നാലെ കാറില്‍വന്ന പ്രതികള്‍ അമ്പാടിയെ ഇടിച്ചുവീഴ്ത്തി. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. പരുക്കേറ്റ അമ്പാടിയെ പ്രതികള്‍ തന്നെയാണ് കാറില്‍ കയറ്റി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അമ്പാടിയെ രക്ഷിക്കാനായില്ല.
ഇതിനുശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. രാവിലെ അമ്പാടിയുടെ പിതാവ് റാന്നി എംഎല്‍എയെ കണ്ട് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി റാന്നി പൊലീസ് അന്വേഷണം തുടങ്ങി.