പത്തനംതിട്ട: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പന്‍, നിഖിന്‍ (29), അനു (26), ബിജു പി ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്‍. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പനും. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. വീടിന് വെറും ഏഴ് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പന്‍ മത്തായി, നിഖില്‍, ബിജു എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. ഈപ്പന്‍ മത്തായിയുടെയും ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. ബസിലുണ്ടായിരുന്ന ഏതാനും തീര്‍ഥാടകര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.