KeralaNEWS

കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി

കൊല്ലം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്ത് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തെ ഭരണി ലോഡ്ജിനു പിന്നിലാണു 2 മാസം പ്രായം കണക്കാക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വെള്ളത്തിന്റെ കുത്തൊഴുക്ക് ശമിച്ചതോടെയാണു മലവെള്ളത്തോടൊപ്പം കല്ലുകളും മറ്റും വന്നടിഞ്ഞ ഭാഗത്തു ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

കുറ്റാലം വെള്ളച്ചാട്ടത്തിന്റെ മുകളിലെ വനത്തില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ അകപ്പെട്ടു താഴേക്കു വീണതാകാമെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി ഉരുള്‍പൊട്ടലിനു സമാനമായ തോതിലാണു മലവെള്ളം കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഇരച്ചെത്തിയത്. സുരക്ഷാ ഭീഷണിമൂലം ആരെയും കടത്തി വിടാത്തതിനാലും പരിസരമാകെ കോടമഞ്ഞു കയറിയതിനാലും കാട്ടാന വീണത് അറിഞ്ഞിരുന്നില്ല. .

Signature-ad

വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകളും പാലത്തിന്റെ കൈവരികളും വെള്ളപ്പാച്ചിലില്‍ തകര്‍ന്നിരുന്നു. താല്‍ക്കാലിക കടകള്‍ ചിലത് ഒലിച്ചു പോയി. നാശനഷ്ടം കണക്കാക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിനു സമീപത്തുള്ള കുറ്റാലനാഥര്‍ ക്ഷേത്രത്തിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തു കച്ചവടങ്ങള്‍ ഉണ്ട്. നീരൊഴുക്ക് ശക്തമായതോടെ കഴിഞ്ഞദിവസം ആരെയും കടത്തി വിടാത്തതിനാല്‍ വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള കടകള്‍ തുറന്നിരുന്നില്ല. ഇന്നലെ ഉച്ചയോടെ നീരൊഴുക്ക് കുറഞ്ഞ് വെള്ളം ഇറങ്ങിയപ്പോഴാണു കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: