KeralaNEWS

മര്യാദയില്ല, പ്രശാന്തിന്റെ അനുസരണക്കേട് സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചു; കുറ്റാരോപണ മെമ്മോയില്‍ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ പ്രവര്‍ത്തികളില്‍ മര്യാദയുടെ അഭാവമെന്ന് കുറ്റാരോപണ മെമ്മോ. പ്രശാന്ത് അനുസരണക്കേട് കാട്ടുന്നുവെന്നും, വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നും കുറ്റാരോപണ മെമ്മോയില്‍ പറഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരായ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ പ്രശാന്ത്, നടപടിക്ക് ശേഷവും മാദ്ധ്യമങ്ങളില്‍ അഭിമുഖം നല്‍കി ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നല്‍കിയത്.

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ പ്രശാന്ത് വിമര്‍ശിച്ചത് തെറ്റാണെന്നും മെമ്മോയിലുണ്ട്. ഈ നടപടി കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ വിമര്‍ശിച്ചതും കുറ്റകരമാണ്. കൃഷിവകുപ്പിന്റെ ഉല്‍പ്പന്നം ഫേസ്ബുക്കില്‍ പങ്കുവച്ചത് സദുദ്ദേശപരമല്ല. കള പറിക്കാന്‍ ഇറങ്ങിയതാണെന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ്.

Signature-ad

ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും നിരുത്തരവാദിത്തപരമായ പെരുമാറ്റവും ഗുരുതരമായ അച്ചടക്കരാഹിത്യവും ഉണ്ടായി. ഉയര്‍ന്ന ധാര്‍മിക മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാദ്ധ്യത ഏറെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: