പട്ന: ഒരു പഴത്തിന് വേണ്ടി കുരങ്ങന്മാര് തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ സമസ്തിപൂര്‍ സ്റ്റേഷനിലാണ് കഴിഞ്ഞദിവസം സംഭവം അരങ്ങേറിയത്. തിരക്കേറിയ സമയത്തുണ്ടായ തര്‍ക്കവും ബഹളവും കണ്ട് യാത്രക്കാര്‍ അമ്പരന്നു. സ്റ്റേഷനിലെ കിഴക്കുഭാഗത്ത് ഓവര്‍ബ്രിഡ്ജിന് സമീപത്താണ് സംഭവം.
കുരങ്ങന്മാരുടെ തമ്മിലടിയെ തുടര്‍ന്ന് ഒരു കുരങ്ങിന്റെ കൈയിലിരുന്ന വസ്തു പിടിവിട്ട് റെയില്‍വെ ലൈനിലേക്ക് വീഴാനിടയായി. ഇതോടെ വയറുകള്‍ തമ്മില്‍ മുട്ടി ഷോര്‍ട്ട്സര്‍ക്യൂട്ടായി. സ്ഥലത്ത് തീപ്പൊരി ചിതറി.
സംഭവം അറിഞ്ഞുടന്‍ റെയില്‍വെ സുരക്ഷാസേന കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് ട്രെയിന്‍ ഗതാഗതം വൈകാന്‍ കാരണമായി. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതിവയറുകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു. അല്പം വൈകി 9.30യോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. അരമണിക്കൂറോളമാണ് ഒരു പഴം കാരണം വൈദ്യുതി നിലച്ചത്.
കുരങ്ങ് കാരണമാണ് പ്രശ്നമുണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി എന്നും ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ വേദ് പ്രകാശ് വര്‍മ്മ വ്യക്തമാക്കി. ഉടനെ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അറിയിച്ചു.