CrimeNEWS

പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് (24) അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുമ്പായിരുന്നു ആക്രമണം അരങ്ങേറിയത്. പിന്നില്‍ സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമുമാണ് തീ വെച്ച് നശിപ്പിച്ചത്.

Signature-ad

ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു എന്നാണ് സൂചന. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്‌നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്.

ഓഫീസിന്റെ ഉദ്ഘാടന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് കെ സുധാകരന്റെ കുറിപ്പ്.

കുറിപ്പ്:

കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂര്‍. ആ ചോരയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മൂവര്‍ണ്ണക്കൊടി വേരുപിടിച്ച് നില്‍ക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങള്‍ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകര്‍ത്താല്‍ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകള്‍ തിരിച്ചറിയുക?

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്‌കാരം പോലും നടത്താന്‍ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ വെണ്ടുട്ടായിയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിര്‍മിച്ചത്. രാത്രിയുടെ മറവില്‍ ഓഫീസ് തകര്‍ക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്.

സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണക്കൊടി അവിടെ ഉയര്‍ന്നു പറക്കും . അതിനു സാക്ഷിയായി പ്രിയദര്‍ശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: