കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെയും കുട്ടികളെയും പുറത്താക്കി ഭര്‍ത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് പരാതി. ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നത്. സംഭവത്തില്‍ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു.
ഗാര്‍ഹിക പീഡനത്തിന് അനുമോള്‍ രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം രാജേഷിന്റെ വീട്ടില്‍ നില്ക്കാന് കോടതി ഉത്തരവിട്ടു. ഈ ഓര്‍ഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാര്‍ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവര്‍ക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോള്‍ പറയുന്നു.
യുവതിയുടെ വാക്കുകള്‍:
‘ഗാര്‍ഹിക പീഡനത്തിന് രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. പ്രൊട്ടക്ഷന്‍ ഓര്‍ഡറോട് രാജേഷിന്റെ വീട്ടില്‍ നില്‍ക്കാനാണ് കോടതി ഉത്തരവിട്ടത്. അത്പ്രകാരം മിനിഞ്ഞാന്ന് രാത്രി വീട്ടിലേക്ക് വന്നു. ഒരു പ്രശ്നവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഞാന്‍ പ്രശ്നമുണ്ടാക്കിയെന്ന് പ്രാദേശിക ബിജെപി നേതാവ് പൊലീസിനെ വിളിച്ചറിയിച്ചു.
പിറ്റേദിവസത്തേക്ക് പ്രശ്നം പരിഹരിക്കാമെന്ന് പൊലീസെത്തി ഉറപ്പ് തന്നത് പ്രകാരമാണ് സ്വന്തം വീട്ടിലേക്ക് പോയത്. പിറ്റേദിവസം രാജേഷിന്റെ വീട്ടിലേക്ക് വന്നപ്പോള്‍ മക്കളെ പുറത്താക്കി വീട് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. മൂത്ത കുട്ടി അവര്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. പൊലീസിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്.
പൊലീസ് കൂടി അറിഞ്ഞാണ് ഈ നടപടിയെന്നാണ് കരുതുന്നത്. വീട് കുത്തിത്തുറന്ന് അകത്ത് കയറാനൊക്കെയാണ് അവരുടെ മറുപടി. പ്രൊട്ടക്ഷന്‍ പേപ്പറൊന്നും പൊലീസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വീട്ടില്‍ നിന്നിറങ്ങാന്‍ തന്നെയാണ് ആദ്യദിവസം മുതല്‍ പറയുന്നത്.
എന്ത് ചെയ്യണം എന്നറിയില്ല. ടിവി കണ്ടുകൊണ്ടിരുന്ന മകനോട് പുറത്തിറങ്ങാന്‍ പറഞ്ഞശേഷം വീട് പൂട്ടുകയായിരുന്നു. രാജേഷിന്റെ മുത്തശ്ശിയെ അടുത്തുള്ള വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു ഇത്.
2008ലായിരുന്നു ഞങ്ങളുടെ വിവാഹം. സ്ത്രീധനമായി കിട്ടിയ സ്വര്‍ണം ഉപയോഗിച്ചാണ് ഈ വീടും സ്ഥലവും ഉണ്ടാക്കിയത്. പക്ഷേ അത് ഭര്‍ത്താവിന്റെ അമ്മയുടെ പേരില്‍ എഴുതി വച്ചു. എന്നോട് ഇറങ്ങിപ്പോകാനും പറഞ്ഞു.
സംശയരോഗിയാണ് രാജേഷ്. മദ്യപാനവും ലഹരിയുമെല്ലാമുണ്ട്. നിരന്തരം മര്‍ദിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോയി വരുമ്പോള്‍ ഞാന്‍ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കും. വീടിന്റെ തിണ്ണയില്‍ വന്നിരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല.
പക്ഷേ എല്ലാം സഹിച്ച് നിന്നു. എങ്ങനെയെങ്കിലും ഒരു വാടക വീട് എടുത്ത് മാറിത്താമസിക്കാമെന്ന് പലതവണ പറഞ്ഞതാണ്. പക്ഷേ ഫലമുണ്ടായില്ല. മക്കള്‍ക്ക് പോലും രാജേഷ് ലഹരി കൊടുക്കാറുണ്ട്. സ്കൂളില്‍ അവര്‍ ഉറക്കമാണെന്ന് ടീച്ചര്മാര് വിളിച്ചറിയച്ചപ്പോഴാണ് അതറിയുന്നത്. രാജേഷിന്റെ അച്ഛന് ബിയര്‍ ഒക്കെ തരാറുണ്ടെന്ന് കുട്ടികള്‍ പറഞ്ഞിട്ടുമുണ്ട്’.