കൊച്ചി: സിപിഎം ഒരിക്കലും മതപരമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരല്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിയും പാര്‍ട്ടി സ്വീകരിക്കില്ല. ശബരിമല തീര്‍ഥാടനം ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടായിരിക്കണം എന്ന നിലപാടില്‍ പാര്‍ട്ടി എന്നും ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
ദ ന്യൂ ഇന്ത്യന്‍ എക്സപ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു വാസവന്‍. വിശ്വാസികളുടെ വിശ്വാസത്തെ എവിടെയെങ്കിലും ഹനിക്കുന്ന ഒരു സമീപനം പാര്‍ട്ടിക്കില്ല. ഇന്ത്യന്‍ ഭരണഘടനയെ മുറുകെ പിടിച്ചാണ് സിപിഎം മുന്നോട്ടു പോകുന്നത്. ഒരാചാര അനുഷ്ഠാനവും ഒരു സ്ഥലത്തും നിഷേധിക്കുകയോ, അവിടെ ക്ഷീണം വരുത്തുകയോ ചെയ്യില്ല. അത് എല്ലാക്കാലത്തും ജാഗ്രതാപൂര്‍ണമായി ചെയ്യണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ശബരിമല യുവതീപ്രവേശനത്തില്‍, സുപ്രീം കോടതി ഉത്തരവിനോട് ഏറെ യോജിച്ചതാണ് ഇപ്പോഴും ഞങ്ങളുടെ നിലപാട്. ഞങ്ങള്‍ക്ക് മറ്റൊരു അഭിപ്രായവുമില്ല. വിഷയം ഇപ്പോഴും സുപ്രീം കോടതിയുടെ മുന്നിലാണ്. അന്തിമ വിധിക്കായി കാത്തിരിക്കാം. ശബിരമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നതില്‍ പാര്‍ട്ടിയോ സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ലെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഏറെ സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയത്. തന്ത്രി തന്നെ ഇക്കാര്യം പറയുകയുണ്ടായി. മുന്‍കാലത്ത് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബറിലാണ് ആരംഭിക്കുക. എന്നാല്‍ ഇത്തവണ രണ്ടു മാസം മുമ്പെ, ജൂലൈയില്‍ തന്നെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വേണ്ട നടപടികളെല്ലാം സമയബന്ധിതമായി നടപ്പാക്കാനായി. അതാണ് കാര്യമായ പരാതികളില്ലാത്ത തരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു.