ആലപ്പുഴ: 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍, കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. അപകടത്തിനു തൊട്ടുമുന്‍പ് കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടര്‍ വാഹനവകുപ്പിന്റെ നിഗമനം.
അപകടമുണ്ടായതു തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച ഗൗരീശങ്കര്‍ മൊഴി നല്‍കിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിര്‍വശത്തുനിന്നു കെഎസ്ആര്‍ടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസില്‍ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണന്‍കുളങ്ങര സ്വദേശിയായ ഗൗരിശങ്കര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അപകടത്തില്‍ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരില്‍ എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാര്‍ത്തിക വീട്ടില്‍ ആനന്ദ് മനു, ചേര്‍ത്തല മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ് എന്നിവരുടെ നില അല്‍പം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍നിന്നു മാറ്റി.
വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തില്‍ മുഹ്‌സിനും ചികിത്സയില്‍ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റണ്‍ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങി. തിങ്കളാഴ്ച രാത്രി അപകടത്തില്‍പെട്ട വാഹനത്തില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ 11 പേരാണുണ്ടായിരുന്നത്.