KeralaNEWS

നാല് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 5500 പേര്‍ക്ക്; റോഡുകള്‍ ചോരക്കളമാകുന്നത് രാത്രിയിലെ ആറ് മണിക്കൂറുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്നത് രാത്രിയിലെ ആറ് മണിക്കൂറിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിഗമനം. റോഡ് അപകട മരണങ്ങളില്‍ 35 ശതമാനവും നടക്കുന്നത് വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുളള സമയങ്ങളിലാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ സമയങ്ങളില്‍ മാത്രം ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് 5500 പേര്‍ക്കാണ്. വൈകുന്നേര സമയങ്ങളിലാണ് റോഡുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലെ അമിത വേഗമാണ് അപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്.

2024 ഓഗസ്റ്റ് വരെയുളള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 3378 പേരാണ് റോഡപകടത്തില്‍ മാത്രം മരിച്ചത്. അതില്‍ 1195 പേരും മരിച്ചത് രാത്രിയിലെ ആറ് മണിക്കൂറുകള്‍ക്കിടയിലാണ്. 2023ല്‍ 1448 ജീവനുകളും 2022ല്‍ 1531 ജീവനുകളും 2021ല്‍ 1244 ജീവനുകളും റോഡപകടത്തിലൂടെ നഷ്ടമായിട്ടുണ്ട്. ഈ മണിക്കൂറില്‍ തന്നെ ആദ്യത്തെ മൂന്ന് മണിക്കൂര്‍, വൈകിട്ട് ആറ് മുതല്‍ രാത്രി ഒനമ്പത് വരെയുള്ള സമയത്താണ് അപകടവും മരണവും വര്‍ദ്ധിക്കുന്നത്. ഈ സമയം കഴിഞ്ഞാല്‍ റോഡില്‍ മരണം കാത്തിരിക്കുന്നത് ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ആറ് വരെയുളള സമയത്താണെന്നും പൊലീസിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

Signature-ad

ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാന്‍ സാദ്ധ്യതയുള്ള അര്‍ദ്ധരാത്രിക്ക് ശേഷമുള്ള മണിക്കൂറാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നാണ് നാം പൊതുവേ കരുതാറ്. എന്നാല്‍ റോഡില്‍ വാഹനങ്ങളുടെ തിരക്ക് ഏറ്റവും കൂടുതലുള്ളപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ അമിതവേഗത്തില്‍ പോകുന്നതാണ് വൈകിട്ട് ആറ് മുതല്‍ അര്‍ദ്ധരാത്രി 12 വരെയുള്ള മണിക്കൂറുകളെ മരണത്തിലേക്കുള്ള വഴിയാക്കുന്നതെന്നാണ് നിഗമനം. ഈ മണിക്കൂറുകളെ സൂക്ഷിച്ചാല്‍ തന്നെ നമ്മുടെ റോഡുകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം.

ഇങ്ങനെയുണ്ടാകുന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ അവസ്ഥയും ദയനീയമാണ്. ചിലര്‍ ആജീവനാന്തകാലം വരെ കിടപ്പിലാകാം, മറ്റുചിലര്‍ക്ക് വര്‍ഷങ്ങളോളം ആശുപത്രികളില്‍ ചികിത്സയുമായി ബന്ധപ്പെട്ട് കയറി ഇറങ്ങേണ്ട സ്ഥിതിയുമുണ്ടാകാം. ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന്റെ സ്ഥിതിയും ദയനീയമാകാം. ഒരു അപകടം സംഭവിച്ചാല്‍ തകരുന്നത് ആ വ്യക്തിയുടെ ജീവനോ ആരോഗ്യമോ മാത്രമായിരിക്കില്ല. അവരെ ആശ്രയിച്ച് അല്ലെങ്കില്‍ അവരെ പ്രതീക്ഷിച്ച് ജീവിക്കുന്നവരുടെ ഭാവി കൂടിയായിരിക്കാം.

തിങ്കളാഴ്ച ആലപ്പുഴയിലെ കളര്‍കോട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചതിനുശേഷമാണ് കേരളം വീണ്ടും അപകടമരണങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്. അടുത്തിടെ നിരത്തുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച് പിഴ ചുമത്താന്‍ തുടങ്ങിയതിനുശേഷം അപകടങ്ങളുടെ നിരക്ക് കുറഞ്ഞിരുന്നുവെന്ന് ഗതാഗത വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ആ സമയങ്ങളില്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നു. അത്തരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: