ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീര്‍ത്ഥാടനം പാടില്ലെന്നും ഉത്തരവിലുണ്ട്.
അതിശക്തമായ മഴ തുടരുന്നതിനാല്‍ എരുമേലി- മുക്കുഴി വഴിയും സത്രക്കടവ് – പുല്ലുമേട് വഴിയുമുള്ള യാത്രകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കിയിരുന്നു. നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വനം വകുപ്പിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചിരുന്നു. പമ്പാ സ്നാനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. പ്രതികൂല കാലാവസ്ഥ മൂലം ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവില്‍ ഉണ്ടായ കുറവ് തിരക്ക് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.