NEWSWorld

ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് കലാപമായി; ഗിനിയില്‍ നൂറിലധികം ആരാധകര്‍ക്ക് ദാരുണാന്ത്യം

ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെ ആവേശം അതിരുവിട്ട് ആരാധകര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറോകോറിലാണ് ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാന നഗരമായ കോണാക്രിയില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം.

”ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തികച്ചും ദാരുണമാണ്. മൃതദേഹങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയുടെ വരാന്തയില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിട്ടുണ്ട്. മോര്‍ച്ചറി നിറഞ്ഞുകവിഞ്ഞു’ ഇവിടെ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

മത്സരവേദിക്കു പുറത്തുനിന്നുള്ളത് എന്ന പേരില്‍ ഒട്ടേറെ ദുരന്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്തെ നിരത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ആളുകള്‍ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ, പ്രതിഷേധക്കാര്‍ എന്‍സെറോകോറിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.

മത്സരത്തിനിടെ റഫറി കൈക്കൊണ്ട വിവാദ തീരുമാനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ ആരാധകര്‍ കൂട്ടത്തോടെ മൈതാനം കയ്യേറുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: